Jump to content

പീയൂഷ ഗ്രന്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pituitary gland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pituitary gland
മനുഷ്യമസ്തിഷ്കത്തിന്റെ താഴെ, സെല്ല ടർസിക്ക എന്ന എല്ലിൻ കൂടിൽ
കുരങ്ങന്റെ തലച്ചോറിലെ പിറ്റ്യൂട്ടറിയുടെ ചിത്രം
ഗ്രെയുടെ subject #275 1275
ശുദ്ധരക്തധമനി സുപീരിയർ ഹൈപ്പോഫൈസിയൽ ശുദ്ധരക്തധമനി, ഇൻഫണ്ടിബുലാർ ശുദ്ധരക്തധമനി, മുൻ കയാസ്മൽ ശുദ്ധരക്തധമനി, ഇൻഫീരിയർ ഹൈപ്പോഫൈസിയൽ ശുദ്ധരക്തധമനി, കാപ്സുലാർ ശുദ്ധരക്തധമനി, കീഴ് കവേണസ് സൈനസ്[1]
ഭ്രൂണശാസ്ത്രം റാത്കെയുടെ സഞ്ചി
കണ്ണികൾ Pituitary+Gland

അന്തഃസ്രാവീഗ്രന്ഥികളിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നു കണക്കാക്കപ്പെടുന്ന ഗ്രന്ഥിയാണ് പീയൂഷഗ്രന്ഥി(En: pituitary gland). "മാസ്റ്റർ ഗ്ലാന്റ്" എന്നും അറിയപ്പെടുന്നു. 0.5 ഗ്രാം ഭാരവും 1 സെ.മീ. വ്യാസവുമുള്ള ഈ ഗ്രന്ഥി സ്ത്രീകളിൽ പുരുഷന്മാരിലുള്ളതിനേക്കാൾ അല്പം വലുതാണ്. ഹൈപ്പോതലാമസുമായി ഹൈപ്പോഫൈസിയൽ സ്റ്റോക്ക് വഴി ബന്ധപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥി ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന വാസോപ്രസ്സിൻ, ഓക്സിട്ടോസിൻ എന്നീ ഹോർമോണുകളെ താൽക്കാലികമായി സംഭരിക്കുന്നു.

മറ്റു അന്തഃസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന മാസ്റ്റർ ഗ്രന്ഥി എന്നു അടുത്ത കാലം വരെ ഈ ഗ്രന്ഥിയെ കണക്ക്ആക്കിയിരുന്നു. എന്നാൽ ഈ ഗ്രന്ഥിയെ നിയന്ത്രിക്കുന്നതെ ഹൈപ്പോതലാമസ് ഉദ്പാദിപ്പിക്കുന്ന ചില ഹോർമോണാണെന്ന് ഇപ്പോൾ തെളിക്കപ്പെട്ടിട്ടുണ്ട്.[2]

സ്ഥാനം

[തിരുത്തുക]

പീയൂഷഗ്രന്ഥി തലച്ചോറിന്റെ ചുവട്ടിൽ ഹൈപ്പോതലാമസിനടുത്തായി സ്ഥിതി ചെയ്യുന്നു. സ്ഫീനോയിഡ് എല്ലിന്റെ സെല്ല ടഴ്സിക്ക എന്ന ഭാഗം പീയൂഷഗ്രന്ഥിയെ സംരക്ഷിക്കുന്നു. ഇത് മുഴുവനായി ഹൈപ്പോതലാമസുമായും നാഡികളാലും രക്തക്കുഴലുകളാലും യോജിപ്പിക്കപ്പെട്ടിരിക്കുന്നു.

പീയൂഷഗ്രന്ഥിക്ക് മുന്നിലും പിന്നിലും മദ്ധ്യത്തിലുമായി മൂന്ന് ദളങ്ങളുണ്ട്. ഇതിന് ഒരു കശുവണ്ടിപ്പരിപ്പിന്റെ ആകൃതിയും വലിപ്പവുമാണുള്ളത്.

  1. മുൻദളം- അഡിനോഹൈപ്പോഫൈസിസ് അഥവാ ആന്റീരിയർ പിറ്റ്യൂട്ടറി.
  2. പിൻദളം- ന്യൂറോഹൈപ്പോഫൈസിസ് അഥവാ പോസ്റ്റീരിയർ പിറ്റ്യൂട്ടറി.

ഇവയ്ക്കിടയിലെ ഇന്റർമീഡിയേറ്റ് ലോബ് അഥവാ പാർസ് ഇന്റർമീഡിയ മനുഷ്യരിൽ കാണപ്പെടുന്നില്ല.[3]

ധർമ്മം

[തിരുത്തുക]

വലിപ്പത്തിൽ ചെറുതാണെങ്കിലും ശരീരത്തിന്റെ രാസസമന്വയത്തിൽ പീയൂഷഗ്രന്ഥി പ്രധാനമായ പങ്ക് നിർവ്വഹിക്കുന്നു. അതിന്റെ മിക്ക സ്രവങ്ങളും മറ്റ് ഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുകയോ, സ്വാധീനിക്കുകയോ ചെയ്യുന്നു. പീയൂഷഗ്രന്ഥിയുടെ മുൻ ഇതൾ അത്തരത്തിലുള്ള അനേകം ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നു. അവയെ പൊതുവെ ട്രോപിക് ഹോർമോണുകൾ എന്ന് വിളിക്കുന്നു. അവയിൽ പ്രധാനം തൈറോയ്ഡ് ഗ്രന്ഥിയെ നിയന്ത്രിക്കുന്ന തൈറോട്രോഫിക് ഹോർമോൺ, ലൈംഗികാവയവങ്ങളെ സ്വാധീനിച്ച് അവയിൽ നിന്ന് ലൈംഗിക ഹോർമോണുകളുടെ ഉല്പാദനം നിയന്ത്രിക്കുന്ന ഗൊണാഡോട്രോഫിക് ഹോർമോൺ, അധിവൃക്കാഗ്രന്ധികളൂടെ കോർട്ടെക്ഷിൽ നിന്നുള്ള സ്രവം നിയന്ത്രിക്കുന്ന അഡ്രിനോകോർട്ടിക്കോട്രോഫിക് ഹോർമോൺ എന്നിവയാണ്.

മുൻ ഇതൾ സ്രവിക്കുന്ന മറ്റൊരു പ്രധാന ഹോർമോൺ ആണ് വളർച്ചാ ഹോർമോൺ. ഇത് കലകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ശൈശവദശയിൽ ഈ ഹോർമോൺ ഉല്പാദിതമാകാത്തവരുടെ ശരീരവളർച്ച മുരടിച്ച് അവർ വളരെ ആകാരവലിപ്പം കുറഞ്ഞവരായിത്തീരുന്നു. ഈ അവസ്ഥയെ വാമനത്വം എന്ന് പറയുന്നു. എന്നാൽ ശൈശവഘട്ടത്തിൽ ഉല്പാദനം അധികമായാൽ ശരീരം അസാധാരണമാംവിധം പൊക്കവും വണ്ണവും വർദ്ധിച്ച് ഭീമാകരമാകുന്നു. ഈ അവസ്ഥയെ ഭീമാകാരത്വം എന്ന് പറയുന്നു.

പ്രായപൂർത്തി എത്തിക്കഴിഞ്ഞതിനു ശേഷം വളർച്ചാ ഹോർമോണിന്റെ ഉല്പാദനം കൂടുതലായാൽ അത് അക്രോമെഗലി എന്ന രോഗത്തിനു കാരണമാകുന്നു. മുഖാസ്ഥികൾ അമിതമായി വളർന്ന് വലുതായി മുഖം വികൃതമാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ആന്തരികാവയവങ്ങളായ ഹൃദയം, ശ്വാസകോശങ്ങൾ, വൃക്കകൾ, പ്ലീഹ എന്നിവയും വലുതാവുന്നു. കൂടാതെ പാദാസ്ഥികളും കരതലാസ്ഥികളും അമിതമായി വളർന്ന് കൈകാലുകൾ വിരൂപമായിത്തീരുകയും ചെയ്യും.

മധ്യദളം വർണ്ണകണങ്ങളായ മെലനോസൈറ്റുകളെ ഉത്തേജിപ്പിക്കുന്ന ചില ഹോർമോണുകളെ ഉല്പാദിപ്പിക്കുന്നു. ഇവയുടെ പ്രവർത്തനം മൂലം ചില ഘട്ടങ്ങളിൽ, പ്രത്യേകിച്ചും ഗർഭകാലത്ത് സ്ത്രീകളുടെ ശരീരത്തിന് നിറഭേദമുണ്ടാകുന്നു.

പീയൂഷഗ്രന്ഥി ഹൈപ്പോതലാമസ് സ്രവിക്കുന്ന ചില ഹോർമോണുകളുടെ നിയന്ത്രണത്തിനും സ്വാധീനത്തിനും വിധേയമാണ്. ഓക്സിടോസിൻ, വാസോപ്രസ്സിൻ എന്നീ ഹോർമോണുകൾ ഹൈപ്പോതലാമസിൽ നിർമ്മിക്കപ്പെട്ട് സംഭരണത്തിനായി പീയൂഷഗ്രന്ഥിയുടെ പിൻ ദളത്തിലേക്ക് അയയ്ക്കപ്പെടുന്നു. ഇവയിൽ ഓക്സിടോസിൻ ചില മൃദുല പേശികളുടെ, പ്രത്യേകിച്ചും ഗർഭാശയത്തിന്റെ ഉൾഭിത്തിയിലുള്ള പേശികളുടെ സങ്കോചം വർദ്ധിപ്പിക്കുന്നു. അതിനാൽ ഇത് പ്രസവക്രിയയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നതായി കാണാം. വാസോപ്രസ്സിൻ നേർത്ത രക്തലോമികകളെ സങ്കോചിപ്പിച്ച് രക്തസമ്മർദ്ദ വർദ്ധനയ്ക്ക് കാരണമാകുന്നു. ഇത് വൃക്കനാളികകളിൽ നിന്നുമുള്ള ജലത്തിന്റെ പുനരാഗിരണത്തിനും സഹായിക്കുന്നു. അതിനാൽ വാസോപ്രസ്സിനെ ആന്റി-ഡൈയൂററ്റിക് ഹോർമോൺ എന്നും വിളിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Gibo H, Hokama M, Kyoshima K, Kobayashi S (1993). "[Arteries to the pituitary]". Nippon Rinsho. 51 (10): 2550–4. PMID 8254920.{{cite journal}}: CS1 maint: multiple names: authors list (link)
  2. പേജ് 359, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
  3. Texbook of Medical Physiology, N. Geetha, PARAS 2nd Ed., page 398, 2010