അഗോസ്റ്റിനോ ദി ദൂഷിയോ
പതിനഞ്ചാം നൂറ്റാണ്ടിൽ ഫ്ളോറൻസിൽ ജീവിച്ചിരുന്ന പ്രശസ്തനായ പ്രതിമാശില്പിയാണ് അഗോസ്റ്റി(തി)നോ ദി ദൂഷിയോ. വെണ്ണക്കല്ലിൽ രൂപങ്ങൾ കൊത്തിയെടുക്കുന്നതിൽ പ്രശസ്തി ആർജിച്ചു. രേഖാസംബന്ധമായ സവിശേഷത, സാമ്പ്രദായികഭേദംകൊണ്ട് വസ്ത്രാഞ്ചലങ്ങളുടെ ചിത്രണത്തിൽ കൈവരുത്താൻ കഴിഞ്ഞ ഒഴുക്ക് മുതലായവ അഗോസ്റ്റിനോയുടെ ശില്പ രചനാപരമായ പ്രത്യേകതകൾ ആയിരുന്നു. ഇവ അന്നുവരെയുള്ള ഫ്ളോറൻസിലെ ശില്പികളുടെ സാധാരണ ശൈലിയിൽനിന്നും വ്യത്യസ്തമായ ഒരു ശില്പപദ്ധതിക്ക് തുടക്കം കുറിച്ചു. ഈ രംഗത്ത് അഗോസ്റ്റിനോയ്ക്കു ചെലുത്താൻകഴിഞ്ഞ സ്വാധീനശക്തി ഫ്ളോറൻസിലെ പ്രതിമാനിർമ്മാണകലയുടെ ചരിത്രത്തിൽ ആ നൂറ്റാണ്ടിന്റെതായ സംഭാവനയ്ക്കു കളമൊരുക്കി. 1433-ൽ ഇദ്ദേഹം ഫ്ളോറൻസ് വിട്ടു. 1442-ൽ മൊഡേനായിൽ ഒരു ബലിപീഠവും പിന്നീട് ഭദ്രാസനപ്പള്ളിയുടെ പുറംചുവരും ഇദ്ദേഹം കൊത്തുപണികൾകൊണ്ടലങ്കരിച്ചു. അതിനുശേഷം ഫ്ളോറൻസിലേക്കു മടങ്ങിയെങ്കിലും മോഷണക്കുറ്റം ആരോപിക്കപ്പെടുകയാൽ വെനീസിലേക്കു പലായനം ചെയ്തു. 1454-ൽ റിമിനിയിൽ ജോലി സ്വീകരിച്ചു. 1457-62 വരെ പെറൂഗിയിലെ സൗത്ത് ബെർനാദിനോമന്ദിരത്തിന്റെ മുഖപ്പിന്റെ ചിത്രണത്തിൽ വ്യാപൃതനായി. 1463-ൽ ഫ്ളോറൻസിൽ മടങ്ങിയെത്തുകയും 1473 വരെ അവിടെ പ്രവൃത്തിയിൽ തുടരുകയും ചെയ്തു. 1473-ൽ വീണ്ടും ഇദ്ദേഹം പെറൂഗിയിൽ തിരിച്ചെത്തി. ദക്ഷിണ ഡൊമിനിക്കോയിലെ ഒരു അൾത്താരയുടെ പണിയിൽ ഏർപ്പെട്ടു. റിമിനിയിലുള്ള മലാടെസ്റ്റാദേവാലയത്തിലെ സമ്പന്നമായ കൊത്തുപണികളാണ് അഗോസ്തിനോയെ ഏറ്റവും പ്രശസ്തനാക്കിയത്. ചെറിയശില്പങ്ങളുടെ കൂട്ടത്തിൽ കന്യകയും പൈതലും പ്രാധാന്യമർഹിക്കുന്നു. ഇത് വാഷിംഗ്‌ഡണിലെ നാഷണൽ ഗ്യാലറി ഒഫ് ആർട്ട്, ഫ്ളോറൻസിലെ ദേശീയ കാഴ്ചബംഗ്ളാവ്, പാരീസിലെ ലൂവ്ര് എന്നീ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.
പുറംകണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗോസ്റ്റിനോ ദി ദൂഷിയോ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |