അന്താരാഷ്ട്ര വെതർകോഡ്
കാലാവസ്ഥാ സൂചനയ്ക്കുതകുന്ന അന്തരീക്ഷ സ്ഥിതിവിവരം രാജ്യാന്തരതലത്തിൽ വിനിമയം ചെയ്യുവാൻ ഉപയോഗിച്ചുവരുന്ന ചുരുക്കെഴുത്തുകളുടെ (codes) സംഹിതയാണ് അന്താരാഷ്ട്ര അന്താരാഷ്ട്ര വെതർകോഡ് (International Weather Code). അംഗീകാരം സിദ്ധിച്ചിട്ടുള്ള വെതർകോഡ് അന്തരീക്ഷനിരീക്ഷണ ലോകസംഘടന(WMO)യുടെ[1] ഔദ്യോഗിക പ്രസിദ്ധീകരണത്തിൽ ചേർത്തിരിക്കുന്നു.
ആർദ്രോഷ്ണസ്ഥിതിയെ സൂചിപ്പിക്കുന്ന സന്ദേശങ്ങൾ അഞ്ച് അക്കങ്ങൾ അടങ്ങിയ ഗ്രൂപ്പുകളായാണ് നൽകിവരുന്നത്. ചിലപ്പോൾ നാലക്കം മാത്രമുള്ള ഗ്രൂപ്പുകളും ഉണ്ടാകാറുണ്ട്. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒന്നിനെ പ്രതിനിധാനം ചെയ്യുന്ന അക്കങ്ങളാണ് ഉണ്ടായിരിക്കുക.
- ഏതെങ്കിലും ഒരു ആർദ്രോഷ്ണമൂലകത്തിന്റെ (weather element) പ്രതീകമായ അക്കം.
- പ്രസക്തമൂലകത്തിന്റെ തോത്, തീവ്രത തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നിനെ ദ്യോതിപ്പിക്കുന്ന അക്കം.
- ഗ്രൂപ്പിലെ മറ്റക്കങ്ങളെ വിശകലനം ചെയ്യുന്നതിനു സഹായകമായ വിവരം നൽകുന്ന അക്കം.
- ഏതു പ്രത്യേക കേന്ദ്രത്തിൽ നിന്നാണ് സന്ദേശം അയയ്ക്കപ്പെടുന്നത് എന്നു സൂചിപ്പിക്കുന്ന അക്കം.
- പ്രസക്ത കേന്ദ്രം (station) ഏതു രാജ്യത്തേതാണ്, കരയാണോ കടലാണോ എന്നൊക്കെയുള്ള വിവരം നല്കുന്ന സൂചക അക്കം.
ഈ അക്കങ്ങൾ പ്രത്യേക ക്രമവത്കരണത്തോടെ ഗ്രൂപ്പു ചെയ്ത്, മുറയനുസരിച്ചു വിനിമയം ചെയ്യപ്പെടുന്നു. ഇവയുടെ വിശദരൂപം ലോകത്തിന്റെ ഏതു കോണിലുമുള്ള നിരീക്ഷകർക്കും സുഗ്രഹമാണ്.
അന്തരീക്ഷ നിരീക്ഷണരംഗത്തു നിലവിലുള്ള അന്താരാഷ്ട്ര സഹകരണം കൂടുതൽ ഫലവത്താക്കുവാൻ ഏകീകൃതമായ സംജ്ഞാസംഹിത വളരെയധികം സഹായകമായിരിക്കുന്നു.
അവലംബം
[തിരുത്തുക]പുറംകണ്ണികൾ
[തിരുത്തുക]- http://answers.yahoo.com/question/index?qid=20081208213258AACOaHG Archived 2016-03-26 at the Wayback Machine.
- http://www.earthcam.com/myec/yourwebcam/metar_instructions.php Archived 2011-08-29 at the Wayback Machine.
- http://weather.noaa.gov/fax/ Archived 2011-08-13 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര വെതർകോഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |