Jump to content

ലോറൻസ് പുളിയനത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോൺ. ലോറൻസ് പുളിയനത്ത്
മോൺ. ലോറൻസ് പുളിയനത്ത്
ജനനം1898, ഓഗസ്റ്റ് 8
എറണാകുളം ജില്ല, കേരളം, ഇന്ത്യ
മരണം1961, ഫെബ്രുവരി 20
എറണാകുളം
വണങ്ങുന്നത്ലത്തീൻ കത്തോലിക്കാ സഭ

ലത്തീൻ കത്തോലിക്കാ സഭയിലെ ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട ഒരു വൈദികനാണ് മോൺ. ലോറൻസ് പുളിയനത്ത്[1]. 2011 ഫെബ്രുവരി 04-നാണ് ഇദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. ജീവിച്ചിരുന്നപ്പോൾ തന്നെ വിശ്വാസികൾ ഇദ്ദേഹത്തിന് വിശുദ്ധനെന്ന പരിവേഷം നൽകിയിരുന്നു. കൊച്ചി രൂപതയിലെ ആദ്യ ദൈവദാസനാണ് മോൺ. പുളിയനത്ത്.

ജീവിതരേഖ

[തിരുത്തുക]

കൊച്ചി മുണ്ടംവേലി പുളിയനത്ത് പേതൃ-മറിയം ദമ്പതികളുടെ മകനായി 1898 - ഓഗസ്റ്റ് 8-ന് ജനിച്ചു. ഈ ദമ്പതികളുടെ ഏഴു മക്കളിൽ ആറാമനായാണ് ജനനം. മുണ്ടംവേലി സ്കൂൾ, മധുര സെന്റ്. ജോസഫ് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് 1917-ൽ ആലപ്പുഴയിലെ സേക്രഡ്‌ഹാർട്ട് സെമിനാരിയിൽ വൈദികപഠനത്തിനായി ചേർന്ന് പഠനം പൂർത്തിയാക്കി. പിന്നീട് കാൻഡി സെമിനാരിയിൽ നിന്നും ഫിലോസഫിയിൽ ഡോക്ട്രേറ്റ് നേടുകയും അവിടെ നിന്നു തന്നെ 1926-ൽ വൈദികനായി അഭിഷിക്തനാകുകയും ചെയ്തു.

വൈദികനായി അഭിഷിക്തനായ ശേഷം മോൺ. ലോറൻസ് തിസീസ് സമർപ്പിക്കുവാനായി റോമിലേക്ക് പോകുകയും തിരിച്ചെത്തിയ ശേഷം 1927 മേയ് 1-ന് സ്വന്തം ഇടവകയായ മുണ്ടംവേലി ദേവാലയത്തിൽ പ്രഥമദിവ്യബലി അർപ്പിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഇടക്കൊച്ചി പള്ളിയിൽ സഹവികാരിയായി സ്ഥാനമേൽക്കുകയും ചെയ്തു. 1929 - ൽ ഈ പള്ളിയിൽ തന്നെ വികാരിയായി നിയമിതനായി. 31-ആം വയസ്സിലാണ് അദ്ദേഹം ഈ സ്ഥാനം ഏറ്റെടുത്തത്. തുടർന്നുള്ള 32 വർഷക്കാലത്തോളം ഇടക്കൊച്ചിയുടെ എല്ലാ പ്രവർത്തനങ്ങളിലുമുള്ള ഒരു ഭാഗമായിരുന്നു മോൺ. കാനോൻ നിയമങ്ങളിൽ അസാമാന്യ അറിവുണ്ടായിരുന്ന ലോറൻസിനെയാണ് സഭാമേലധ്യക്ഷന്മാർ സംശയനിവർത്തിക്കായി സമീപിച്ചിരുന്നത്.

കൊച്ചി രൂപത സ്ഥാപിതമായ 454 - ആം വാർഷികദിനത്തിലാണ് ലോറൻസ് പുളിയനത്തെ ദൈവദാസനായി പ്രഖ്യാപിച്ചത്. ഈ രൂപതയുടെ പ്രഥമ ദേശീയമെത്രാനായി നിശ്ചയിച്ചത് ഇദ്ദേഹത്തെയാണ്. എന്നാൽ അദ്ദേഹം ആ സ്ഥാനം നിരസിക്കുകയാണുണ്ടായത്. 1961 ഫെബ്രുവരി 20 - ന് മോൺ. ലോറൻസ് പുളിയനത്ത് അന്തരിച്ചു. ഇടക്കൊച്ചിയിലെ സെന്റ്. ലോറൻസ് പള്ളി സെമിത്തേരിയിലാണ് പുളിയനത്തിനെ സംസ്കരിച്ചിരിക്കുന്നത്.

ദൈവദാസപ്രഖ്യാപനം

[തിരുത്തുക]

എറണാകുളം ജില്ലയിലെ ഇടക്കൊച്ചി സെന്റ്. ലോറൻസ് പള്ളിയിൽ 2011 ഫെബ്രുവരി 04 ന് വൈകിട്ട് 3.30 നാണ് ദൈവദാസപ്രഖ്യാപനം നടത്തിയത്. മോൺ. ലോറൻസ് പുളിയനത്തെ അൾത്താരവണക്കത്തിനായി സഭ അനുവാദം നൽകുന്നതിന്റെ പ്രഥമചടങ്ങാണ് ഈ ദൈവദാസപ്രഖ്യാപനം. പ്രഖ്യാപനച്ചടങ്ങിനിടയിലെ ദിവ്യബലി അർപ്പണം നടത്തിയത് വരാപ്പുഴ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ഡോ: ഫ്രാൻസീസ് കല്ലറയ്ക്കലാണ്. കൊച്ചി രൂപതാ മെത്രാൻ ഡോ: ജോസഫ് കരിയിൽ, കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാൻ ഡോ: ജോസഫ് കാരിക്കശ്ശേരി എന്നീ ബിഷപ്പുമാർ ഈ ചടങ്ങിലെ സഹകാർമ്മികരായിരുന്നു. ദിവ്യബലി അർപ്പണത്തിനു ശേഷം ദൈവദാസൻ മോൺ. ലോറൻസ് പുളിയനത്തിന്റെ ജീവചരിത്രത്തിന്റെ ഡി.വി.ഡി. ബിഷപ്പ് ഡോ: ഫ്രാൻസീസ് കല്ലറയ്ക്കൽ പ്രകാശനം ചെയ്തു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-12. Retrieved 2011-02-05.