Jump to content

എൻഡോസൾഫാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Endosulfan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻഡോസൾഫാൻ
Names
IUPAC names
6,7,8,9,10,10-hexachloro-1,5,5a,6,9,9a-hexahydro-
6,9-methano-2,4,3-benzodioxathiepine-3-oxide
Other names
Benzoepin, Endocel, Parrysulfan, Phaser, Thiodan, Thionex
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.003.709 വിക്കിഡാറ്റയിൽ തിരുത്തുക
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 1.745 g/cm³
ദ്രവണാങ്കം
0.33 mg/L
Hazards
Main hazards T, Xi, N
EU classification {{{value}}}
R-phrases R24/25 R36 R50/53
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സം‌യുക്തമാണ്‌ എൻഡോസൾഫാൻ. നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരകവിഷവസ്തു എന്ന നിലയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതകവൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതിനാൽ കാർഷിക രംഗത്തെ ഇതിന്റെ ഉപയോഗം വൻ‌വിവാദങ്ങൾ ഉയർത്തിവിട്ടിട്ടുണ്ട്[1]. 2011 ഏപ്രിൽ 29 ന് സ്റ്റോക്‌ഹോം കൺവെൻഷന്റെ ഭാഗമായി സ്വിറ്റ്സർലണ്ടിലെ ജനീവയിൽ നടന്ന സമ്മേളനത്തിൽ എൻഡോസൾഫാൻ ലോകവ്യാപകമായി നിരോധിക്കാൻ ഇന്ത്യയും മറ്റു ചില രാജ്യങ്ങളും ഉന്നയിച്ച ഉപാധികളോടെ തീരുമാനമായി.[2][3][4] 2011 മെയ് 13നാണ് രാജ്യത്ത് എൻഡോസൾഫാൻ ഉൽപാദനവും വിൽപ്പനയും സുപ്രീംകോടതി നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും 2011 സെപ്തംബർ 30 ന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.

ചരിത്രം

[തിരുത്തുക]

ഹെക്സക്ലോറോസൈക്ലോ എന്ന രാസവസ്തുവിൽ നിന്നും 1950 -ൽ ബേയർ ക്രോപ് സയൻസ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത മാരകവിഷമായ ഇത് ആൾഡ്രിൻ, ക്ലോർഡേൻ, ഹെപ്റ്റാക്ലോർ എന്നിവയ്ക്കു സമാനമായ ഒരു രാസവസ്തുവാണ്‌.

ബയർ ക്രൊപ്പ്സയൻസ്(Bayer CropScience), മക്തേഷിം അഗൻ(Makhteshim Agan), ഇന്ത്യാഗവൺമെന്റ് സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ് ലിമിറ്റഡ്(Hindustan Insecticides Limited) എന്നിവരാണ്‌ ഇതിന്റെ നിർമ്മാതാക്കൾ.

നാൾവഴി

[തിരുത്തുക]
  • പൂർവ്വ 1950കൾ: എൻഡോസൾഫാൻ വികസിപ്പിച്ചെടുത്തു.
  • 1954: ഹോക്സ്റ്റ് എ.ജി (ഇന്നത്തെ ബേയർ ക്രോപ്പ്സയൻസ്)ക്ക് അമേരിക്കൻ ഐക്യനാടുകളിൽ എൻഡോസൾഫാൻ ഉപയോഗിക്കാനുള്ള USDA അനുമതി ലഭിച്ചു.
  • 2000: വീടുകളിൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നത് അമേരിക്കയിലെ പരിസ്ഥിതിസംരക്ഷണ ഏജൻസി(ഇ.പി.എ) നിയന്ത്രണം ഏർപ്പെടുത്തി.
  • 2001 ഫെബ്രുവരി 28: കാസർഗോഡുനിന്നും ആദ്യത്തെ എൻഡോസൾഫാൻ വിഷബാധ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ അന്വേഷണം നടത്തുന്നു.
  • 2001 ഓഗസ്റ്റ്‌ 25: സംസ്ഥാനത്തിന്റെ അതിർത്തിക്കുള്ളിൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നത്‌ സർക്കാർ നിരോധിക്കുന്നു.[5]
  • 2002: അമേരിക്കയിലെ മത്സ്യ-വന്യജീവി വകുപ്പ് എൻഡോസൾഫാൻ നിരോധിക്കാൻ ശുപാർശ ചെയ്തു.[6] ഭക്ഷ്യപദാർഥങ്ങളീലേയും ജലത്തിലേയും എൻഡോസൾഫാൻ ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇ.പി.എ കണ്ടെത്തി. അമേരിക്കൻ മാർക്കറ്റിൽ തുടരാൻ അനുവദിച്ചു എങ്കിലും ഇ.പി.എ കൃഷിയിടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി.
  • 2002 മാർച്ച്‌: കേരളത്തിലെ നിരോധനം നീക്കം ചെയ്യപ്പെടുന്നു. ആകാശമാർഗ്ഗം സ്‌പ്രേ ചെയ്യുന്നതിലെ നിരോധനം മാത്രം നിലനിർത്തുന്നു.[5]
  • 2002 ജൂലൈ: അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യൂപേഷണൽ ഹെൽത്ത്‌ കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്തം പഠനവിഷയമാക്കുന്നു.[5]
  • 2002 ഓഗസ്റ്റ്‌: എൻഡോസൾഫാൻ പ്രശ്‌നം പഠിക്കാൻ കേന്ദ്രഗവൺമെന്റ്‌ ഡുബെ (Dubey) കമ്മീഷനെ നിയോഗിക്കുന്നു.[5]
  • 2002 ഓഗസ്റ്റ്‌ 12: കേരള ഹൈക്കോടതി എൻഡോസൾഫാൻ കേരളത്തിൽ ഉപയോഗിക്കുന്നത്‌ വിലക്കുന്നു (മറ്റ്‌ വിപണനനാമങ്ങളിൽ ഉപയോഗിക്കുന്നതും).[5]
  • 2002 മാർച്ച്‌: എൻഡോസൾഫാൻ ദോഷരഹിതമായ കീടനാശിനിയാണെന്ന്‌ ഡുബെ കമ്മീഷൻ കേന്ദ്രഗവൺമെന്റിന്‌ റിപ്പോർട്ട്‌ നൽകുന്നു.[5]
  • 2004 സെപ്‌തംബർ: എൻഡോസൾഫാൻ പ്രശ്‌നം പഠിക്കുന്നതിനായി പുതിയൊരു കമ്മീഷനെ കേന്ദ്രഗവൺമെന്റ്‌ നിയമിക്കുന്നു. സിഡി. മായി (CD Mayee) കമ്മീഷൻ .[5]
  • 2004: ഡിസംബർ: എൻഡോസൾഫാൻ ദോഷരഹിതമാണെന്ന്‌ മായീ കമ്മീഷൻ റിപ്പോർട്ട്‌ നൽകുന്നു. (റിപ്പോർട്ട്‌ ഔദ്യോഗിക രേഖയാണെന്ന പേരിൽ പുറത്തുവിട്ടില്ല).[5]
  • 2007: എൻഡോസൾഫാൻ ഉപയോഗത്തിനും വിൽപ്പനയ്ക്കും അന്താരാഷ്ട്രതലത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. റോട്ടർഡാം കൺവെൻഷനിൽ ഈ വിഷയം ഉൾപ്പെടുത്താൻ ശുപാർശ ചെയ്യപ്പെട്ടു. എൻഡോസൾഫാൻ നിരോധിക്കപ്പെട്ട രാസവസ്തുക്കളുടെ പട്ടികയിൽ ചേർക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.[5]
  • 2008: ഒക്‌ടോബർ: റോട്ടർഡാം ഉടമ്പടിപ്പട്ടികയിൽ ഉൾപ്പെടുത്താൻ എൻഡോസൾഫാൻ പരിഗണിക്കപ്പെടുന്നത്‌ ഇന്ത്യ തടയുന്നു.
  • 2008-10: ഓസ്‌ട്രേലിയ ഉൾപ്പെടെ 73 രാജ്യങ്ങൾ എൻഡോസൾഫാൻ നിരോധിക്കുന്നു.
  • 2010 ഒക്‌ടോബർ: ജനീവസമ്മേളനത്തിൽ ഇന്ത്യ എൻഡോസൾഫാനെ പിന്താങ്ങുന്നു.
  • 2011 മെയ് 13 : രാജ്യത്ത് എൻഡോസൾഫാൻ ഉൽപാദനവും വിൽപ്പനയും സുപ്രീംകോടതി നിരോധിച്ചു
  • 2011 സെപ്തംബർ 30 : എൻഡോസൾഫാൻ ഇന്ത്യയിൽ പൂർണ്ണനിരോധനം സുപ്രീംകോടതി പ്രഖ്യാപിച്ചു. കെട്ടിക്കിടക്കുന്നവ ഉപാധികളോടെ കയറ്റുമതി ചെയ്യാൻ അനുവാദം നൽകി.

ഉപയോഗം

[തിരുത്തുക]

ഏഷ്യ, ലാറ്റിനമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ എൻഡോസൾഫാൻ ഉപയോഗം ഏറ്റവുമധികം വ്യാപകമായിട്ടുള്ളത്‌. അതിനാൽ ദുരന്തങ്ങളും ഇവിടങ്ങളിലാണ്‌ കൂടുതൽ. അമേരിക്കയിൽ നിന്നും ഏറ്റവുമധികം എൻഡോസൾഫാൻ കയറ്റിയയക്കുന്നത്‌ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കാണ്‌. ഈജിപ്‌ത്‌, മഡഗാസ്‌കർ, കസാഖ്സ്ഥാൻ, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്താൻ, സ്‌പെയിൻ, നിക്കരാഗ്വെ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക്‌, ഫിൻലാൻഡ്‌ എന്നിവിടങ്ങളിലെ സ്ത്രീകളിലെ മുലപ്പാലിൽ എൻഡോസൾഫാൻ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌.[7] മരണമുൾപ്പെടെയുള്ള ദുരന്തങ്ങൾ ഇന്ത്യ, ഇന്തോനേഷ്യ, കൊളംബിയ, കോസ്റ്റോറിക്ക, ഗോട്ടിമാല, മലേഷ്യ, ഫിലിപ്പീൻസ്‌, മാലി, ന്യൂസിലന്റ്‌, ടർക്കി, സെനിഗർ, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യൂറോപ്യൻ യൂണിയൻ, നിരവധി ഏഷ്യൻ രാജ്യങ്ങൾ,പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ 63 ലധികം രാജ്യങ്ങളിൽ എൻഡോസൾഫാൻ നിരോധിച്ചിട്ടുണ്ട്.[8]. മനുഷ്യർക്ക് ഹാനികരമായ രാസവസ്തു എന്ന നിലയ്ക്ക് അമേരിക്കയിൽ ഇതിന്റെ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരുകയും താമസിയാതെ കമ്പനി തന്നെ അമേരിക്കൻ വിപണിയിൽ നിന്നും ഈ രാസവസ്തുവിനെ പിൻ‌വലിക്കുകയും ചെയ്തു. 2009 - ൽ ന്യൂസിലന്റും എൻഡോസൾഫാൻ നിരോധിക്കുകയുണ്ടായി. കൂടാതെ കാനഡയിലും ഇത് നിരോധിക്കണമെന്ന് ആവശ്യം നിലനിൽക്കുന്നു. ഇന്ത്യ , ബ്രസീൽ, എന്നീ രാജ്യങ്ങളിലാണ്‌ ഈ രാസവസ്തു ഏറ്റവും അധികം ഉപയോഗിക്കുന്നത്.

പരിസ്ഥിതി ഭീഷണി

[തിരുത്തുക]

ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല; വായുവിലൂടെ വളരെ അകലെയുള്ള സ്ഥലങ്ങളിലും ഇത് പടരുന്നു. കാറ്റിലൂടെയും ജലത്തിലൂടെയും പടരുന്നതിനാൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഇത് ഹാനികരമാണെന്ന് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.[9]

ഇന്ത്യയിൽ

[തിരുത്തുക]

എൻഡോസൾഫാന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്[10]‌. എൻഡോസൾഫാന്റെ സിംഹഭാഗവും ഉത്പാദിപ്പിക്കുന്നതും ഇന്ത്യൻ കമ്പനികളാണ്‌. എക്സൽ ക്രോപ് കെയർ, എച്ച്.ഐ.എൽ, കൊറമാണ്ടൽ ഫെർട്ടിലൈസേഴ്സ് എന്നിവയാണ്‌ ഇന്ത്യയിലെ മുഖ്യ നിർമ്മാതാക്കൾ. ആഭ്യന്തര ആവശ്യത്തിനായി 4,500 ടണ്ണും കയറ്റുമതിക്കായി 4,000 ടണ്ണും ഉത്പാദിപ്പിക്കുന്നു.[11]. റോട്ടർഡാം,സ്റ്റോക്ഹോം കൺ‌വെൻഷനുകളിൽ എൻഡോസൾഫാൻ വിഷയം ഉൾപ്പെടുത്തുന്നതിനെ ഇന്ത്യ ശക്തിയായി എതിർക്കുന്നു[12][13]. എൻഡോസൾഫാൻ കീടനാശിനി നിരോധിക്കുന്ന കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും, മനുഷ്യരിൽ എൻഡോസൾഫാൻ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി ഇതുവരെ കണ്ടെത്തുവാനായിട്ടില്ലെന്നതുമാണ് ഈ കീടനാശിനിയെ നിരോധിക്കാത്തതിനു കാരണമായി ഇന്ത്യാ ഗവൺമെൻറ് ചൂണ്ടിക്കാട്ടിയിരുന്നത്.[14][15] .ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2011 സെപ്തംബർ 30 ന് സുപ്രീംകോടതി രാജ്യവ്യാപകമായി നിരോധിച്ചതായി പ്രഖ്യാപിച്ചു. നിലവിലുള്ളത് കർശന ഉപാധികളോടെ കയറ്റുമതി ചെയ്യാനും ഉത്തരവിറക്കി[16]

കോടതി വിധികൾ

[തിരുത്തുക]

കാസർകോട്ടെ വിവിധ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ എൻഡോസൾഫാൻ ദുരിതബാധിതരായതിനെത്തുടർന്ന് ഈ കീടനാശിനിയുടെ ഉത്പാദനവും വില്പനയും ഉപയോഗവും സംബന്ധിച്ച് വിവിധ കോടതികളിൽനിന്നായി വിവിധ വിധികൾ ഉണ്ടായിട്ടുണ്ട്. 2011 മെയ് 13 ന് രാജ്യത്തെ പരമോന്നത നീതിന്യായപീഠമായ സുപ്രീം കോടതി നടത്തിയ വിധി ശ്രദ്ധേയമാണ്. ഇന്ത്യയിലെ പ്രമുഖ യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയിൽ എൻഡോസൾഫാൻ നിരോധിക്കണമെന്നാവശ്യപ്പെട്ട് അന്യായം ഫയൽ ചെയ്തതിനെത്തുടർന്ന് 2011 മെയ് 13 മുതൽ എട്ടാഴ്ചത്തേക്ക് എൻഡോസൾഫാൻ വില്പനയും ഉപയോഗവും രാജ്യമാകെ നിരോധിച്ചു. ജീവിക്കാനുള്ള മനുഷ്യൻറെ അവകാശവും സ്വാതന്ത്ര്യവും വ്യക്തമാക്കുന്ന ഭരണഘടനയുടെ 21-ആം അനുച്ഛേദപ്രകാരമുള്ള മുൻ ഉത്തരവുകളുടെ അടിസ്ഥാനത്തിലും മുൻകരുതലിന്റെ ഭാഗവുമായാണ് ഈ വിധി. അതോടൊപ്പം എൻഡോസൾഫാന്റെ ദോഷഫലങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ, കാർഷിക കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് പഠനസമിതികൾ രൂപീകരിക്കുകയും അവയുടെ ഏകോപിതറിപ്പോർട്ട് എട്ടാഴ്ചക്കുള്ളിൽ സുപ്രീംകോടതിക്ക് സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിരോധനത്തിനെതിരായി കേന്ദ്രഗവൺമെന്റ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മാത്രമല്ല, എൻഡോസൾഫാൻ ഉത്പാദനത്തിനായുള്ള ലൈസൻസുകൾ ഇനിയൊരു ഉത്തരവുവരെ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്[17].

കാസർകോട്ടെ പുല്ലൂർ ഗ്രാമത്തിൽ എൻഡോസൾഫാൻ പ്രയോഗത്തെത്തുടർന്ന് താമസിക്കാനാകാതെ വലഞ്ഞ കൃഷി ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മയാണ് എൻഡോസൾഫാനുമായി ബന്ധപ്പെട്ട് ആദ്യമായി കോടതിയിലെത്തുന്നത്. 1998 ഒക്ടോബർ 18നാണ് ഹൊസ്ദുർഗ് മുൻസിഫ് കോടതിയിൽ ലീലാകുമാരിയമ്മ എൻഡോസൾഫാൻ തളി നിർത്തണമെന്നാവശ്യപ്പെട്ട് അന്യായം ഫയൽ ചെയ്യുകയും ആ പ്രദേശത്ത് എൻഡോസൾഫാൻ തളിക്കരുതെന്ന് കോടതി താൽക്കാലിക വിധി പുറപ്പെടുവിക്കുകയും ചെയ്തു. 2000 ഒക്ടോബർ 18ന് ആ വിധി പൂർണ്ണമായി നടപ്പാക്കി.

തുടർന്ന് 2001ൽ കാസർകോട് മുൻസിഫ് കോടതിയിൽ ഡോ. മോഹൻകുമാർ, ദേവപ്പനായ്ക്, പരേതനായ മധുസൂദന ഭട്ട് എന്നിവർ ചേർന്ന് മുളിയാർ ബോവിക്കാനമടക്കമുള്ള കാസർകോടൻ പ്രദേശങ്ങളിൽ എൻഡോസൾഫാൻ തളി നിർത്തണമെന്നാവശ്യപ്പെട്ട് അന്യായം ഫയൽ ചെയ്തു. താൽക്കാലികമായി എൻഡോസൾഫാൻ പ്രയോഗം കോടതി നിരോധിച്ചു. സ്ഥിരമായി നിരോധിക്കാനായി ഡോ. മോഹൻകുമാർ 2001ൽ ഹൈക്കോടതിയിലും അന്യായം ഫയൽ ചെയ്തു[18].

ഈ വിധികളെത്തുടർന്ന് പ്ലാന്റേഷൻ കോർപ്പറേഷൻ ഹൈക്കോടതിയിൽ കേസ്സുമായെത്തി. ഈ ഘട്ടത്തിൽ എറണാകുളം തിരുവാംകുളത്തെ നേച്ചർ ലവേഴ്‌സ് മൂവ്‌മെന്റും ഹൈക്കോടതിയിൽ അന്യായം ഫയൽ ചെയ്തു. സി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള 'തണൽ' എല്ലാവിധ സാങ്കേതിക സഹായങ്ങളും കേസ്സിന് നൽകി. ഒപ്പം സൗജന്യമായി വാദിക്കാൻ അഡ്വ. ഡെയ്‌സി തമ്പിയും തയ്യാറായി. തുടർന്ന് ചരിത്രപ്രാധാന്യമുള്ള വിധിയിലൂടെ 2002ൽ എൻഡോസൾഫാൻ തളിക്കുന്നത് കേരള ഹൈക്കോടതി താൽക്കാലികമായി നിരോധിച്ചു. കാസർകോട്ടെ പ്ലാന്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റുകളിൽ സൂക്ഷിച്ച 1500ഓളം ലിറ്റർ എൻഡോസൾഫാൻ ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ സീൽ ചെയ്ത് സൂക്ഷിക്കുകയും ചെയ്തു.

2002 മുതൽ 2006 വരെയാണ് എൻഡോസൾഫാൻ തളി കോടതി ഇടപെടൽ മൂലം നിർത്തിച്ചത്. 2006ൽ കേന്ദ്രസംഘത്തിന്റെ പഠനറിപ്പോർട്ട് പുറത്തുവരികയും ജനങ്ങളുടെ ഭീതിയും മറ്റും കണക്കിലെടുത്ത് കേരള സർക്കാർ ഒരു സർക്കുലറിലൂടെ എൻഡോസൾഫാൻ തളി നിരോധിക്കുകയും ചെയ്തു.

കാസർകോട്ടെ വിവിധ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ദുരിതബാധിതർ നരകിച്ച് ജീവിക്കുമ്പോഴാണ് ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയിൽ അന്യായം ഫയൽ ചെയ്യുകയും എട്ടാഴ്ചക്കുള്ള നിരോധന വിധി സമ്പാദിക്കുകയും ചെയ്തത്. ഇനി ഒരു ഉത്തരവ് വരെ കീടനാശിനി ഉൽപ്പാദനവും വിതരണവും സുപ്രീംകോടതി നിരോധിച്ചത് കാസർകോട്ടുകാരുടെ വിജയം കൂടിയാണ്. എൻഡോസൾഫാനെ സംബന്ധിച്ചുള്ള എല്ലാ രേഖകളും സൂക്ഷിച്ചിട്ടുള്ള 'വൺ എർത്ത് വൺ ലൈഫ്' എന്ന സംഘടനയും എൻഡോസൾഫാനെതിരെയുള്ള പോരാട്ടത്തിൽ സജീവമാണ്.

സമ്പൂർണനിരോധനം

[തിരുത്തുക]

ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയിൽ അന്യായം ഫയൽ ചെയ്തതിനെത്തുടർന്നുള്ള 2011 സെപ്റ്റംബർ 30നുണ്ടായ അന്തിമവിധിയിൽ എൻഡോസൾഫാൻ ഉൽപാദനവും ഉപയോഗവും രാജ്യത്ത് സമ്പൂർണ്ണമായി നിരോധിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ കേസ്സിൽ മുൻപ് എൻഡോസൾഫാൻറെ ഉൽപ്പാദനവും വിതരണവും സുപ്രീംകോടതി 2011 മെയ് 13ന് ഇടക്കാല ഉത്തരവിലൂടെ താല്ക്കാലികമായി നിരോധിച്ചിരുന്നു. കമ്പനികളുടെ പക്കൽ ഇപ്പോഴുള്ള 1990.596 മെട്രിക് ടൺ എൻഡോസൾഫാൻ ശേഖരം മറ്റുരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് കോടതി അനുമതി നൽകിയിട്ടുണ്ട്. പൂർണ്ണമായി കയറ്റുമതി ചെയ്തതിനുശേഷം രാജ്യത്ത് ഈ കീടനാശിനിയുടെ നിർമ്മാണവും വിതരണവും പാടില്ല. രാജ്യത്തൊരിടത്തും മലിനീകരണപ്രശ്നമുണ്ടാവാത്ത തരത്തിൽ വേണം കയറ്റുമതിയെന്നും കോടതി വ്യവസ്ഥ ചെയ്തു. സർക്കാരും മറ്റു ഏജൻസികളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. കഴിഞ്ഞ ഇക്കാര്യത്തിൽ താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കയറ്റുമതിയും തടയണമെന്ന് ഡിവൈഎഫ്ഐ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.മറ്റു രൂപത്തിൽ എൻഡോസൾഫാൻ മടങ്ങിയെത്താതിരിക്കാൻ മുൻകരുതലെടുക്കണമെന്നും ഉത്തരവിലുണ്ട്.മാരകകീടനാശിനിയുടെ കെടുതികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്ന് എസ്എച്ച് കപാഡിയ,സ്വതന്ത്രകുമാർ ,കെഎസ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇതോടെ വർഷങ്ങളായി എൻഡോസൾഫാൻ ബാധിച്ച് ദുരിതത്തിൽ കഴിഞ്ഞ കാസർകോട്ടെയും മറ്റും ജനങ്ങൾക്കും പരിസ്ഥിതിപ്രവർത്തകർക്കും ആശ്വാസകരമാണ് കോടതിവിധി[19].

കേരളത്തിൽ

[തിരുത്തുക]

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ‌പ്പെട്ട ചില പ്രദേശങ്ങളിലെ കശുമാവ് കൃഷിയിടങ്ങളിൽ വ്യാപകമായി എൻഡോസൾഫാൻ ഉപയോഗിച്ചു വന്നിരുന്നു. 2001 ൽ ആ പ്രദേശത്തെ ശിശുക്കളിൽ കാണപ്പെട്ട അസാധാരണമായ ചില രോഗങ്ങൾ എൻഡോസൾഫാന്റെ ഉപയോഗവുമായി ബന്ധപ്പെട്ടതാണെന്ന സംശയമുയർന്നു[20][21]. ആദ്യഘട്ടത്തിൽ എൻഡോസൾഫാന്റെ ഉപയോഗം നിരോധിച്ചെങ്കിലും കീടനാശിനി വ്യവസായരംഗത്തെ കടുത്ത സമ്മർദ്ദത്തെ തുടന്ന് ഇത് പിൻ‌വലിക്കുകയുണ്ടായി. ഭോപ്പാൽ വാതക ദുരന്തത്തിനു സാമ്യതപുലർത്തുന്ന ഒന്നായി കേരളത്തിലെ എൻഡോസൾഫാന്റെ പ്രത്യാഘാതത്തെ വിലയിരുത്തപ്പെടുന്നു[22].2006 ൽ എൻഡോസൾഫാന്റെ ഉപയോഗഫലമായി മരണമടഞ്ഞ കേരളത്തിലെ 135 കുടുംബങ്ങളിലെ ആശ്രിതർക്ക് 50,000 രൂപവീതം സർക്കാർ വിതരണം ചെയ്യുകയുണ്ടായി. എൻഡോസൾഫാന്റെ ഇരകളായ വ്യക്തികളെ ചികിത്സിക്കുന്നതിനും അവർക്ക് ഭക്ഷണവും മറ്റു ആവശ്യവസ്തുക്കളും നൽകുന്നതിനും സർക്കാർ ഒരു പദ്ധതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ എൻഡൊസൾഫാൻ ദുരന്ത ബാധിതർക്ക് ഉറപ്പു നൽകി.[23]. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് 55 ലക്ഷം രൂപയുടെ ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുകയുണ്ടായി[24]. കാസർകോഡ് ജില്ലയിലെ പതിനൊന്ന് പഞ്ചായത്തുകളിൽ എൻഡോസൾഫാൻ മൂലം രോഗബാധിതരായവരുടെ സംരക്ഷണം ഗവൺമെന്റ് ഏറ്റെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി പി.കെ. ശ്രീമതി പറഞ്ഞു[25]. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കേരളത്തിൽ എൻഡോസൾഫാന്റെ ഉപയോഗം 2010 നവംബർ 19 ന് നിരോധിക്കുകയുണ്ടായി . നിരോധനം ലംഘിക്കുന്നതു പരമാവധി ആറുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും വിജ്ഞാപനത്തിലുണ്ട് [26].

അഭ്രപാളിയിൽ

[തിരുത്തുക]

എൻഡോസൾഫാൻ ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഡോക്യുമെന്ററി ചിത്രമാണ് എം. എ റഹ്‌മാൻ സംവിധാനം ചെയ്ത "അര ജീവിതങ്ങൾക്ക് ഒരു സ്വർഗ്ഗം"[27]. കെ.ആർ.മനോജ് സംവിധാനം ചെയ്ത എ പെസ്റ്ററിങ്ങ് ജേർണി എന്ന ഡോക്യുമെന്ററിയും പ്രധാനമായും കൈകാര്യം ചെയ്യുന്നത് കാസർഗോട്ടെ എൻഡോസൾഫാൻ ദുരന്തമാണ്.[28] എൻഡോസൾഫാന്റെ അപകടകരമായ ദൂഷ്യങ്ങൾക്കിരയായവരുടെ കഥപറയുന്ന ചലച്ചിത്രമാണ് ജയരാജ് സംവിധാനം നിർവഹിച്ച പകർന്നാട്ടം എന്ന മലയാള ചലച്ചിത്രം[29]

എൻഡോസൾഫാന്റെ ദുരന്തങ്ങളെ വിഷയമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ നോവലാണ് "എൻമകജെ"[27].

അവലംബം

[തിരുത്തുക]
  1. "Bayer to stop selling endosulfan". Australian Broadcasting Corporation. July 17, 2009. Retrieved 2009-07-17.
  2. "മാധ്യമം ദിനപത്രം 2011 ഏപ്രിൽ 29 ഓൺലൈൻ". Archived from the original on 2011-05-01. Retrieved 2011-04-29.
  3. "മാതൃഭൂമി ദിനപത്രം ഓൺലൈൻ 2010 ഏപ്രിൽ 29". Archived from the original on 2011-05-02. Retrieved 2011-04-29.
  4. [1][പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 5.8 എൻഡോസൾഫാൻ മറയ്ക്കപ്പെടുന്നതെന്തിന്? Archived 2011-04-26 at the Wayback Machine., ദില്ലിപോസ്റ്റ്
  6. Kay, Jane (March 2, 2006). "A move to ease pesticide laws". San Francisco Chronicle. pp. A1..
  7. [2][പ്രവർത്തിക്കാത്ത കണ്ണി]
  8. "Australia should ban endosulfan: Greens". Weekly Times. January 8, 2009. Archived from the original on 2009-01-21. Retrieved 2009-01-08.
  9. http://www.ajtmh.org/content/journals/10.4269/ajtmh.16-0856
  10. Government of Canada (January 10, 2009). "Endosulfan: Canada's submission of information specified in Annex E of". Retrieved 2009-01-29.
  11. Indian Chemical Council (January 9, 2009). "Form for submission of information specified in Annex E". Retrieved 2009-01-29.
  12. "SUMMARY OF THE FOURTH MEETING OF THE CONFERENCE OF THE PARTIES TO THE ROTTERDAM CONVENTION". Earth Negotiations Bulletin. 15 (168). November 3, 2008. Archived from the original on 2009-03-04. Retrieved 2009-09-06.
  13. "SUMMARY OF THE FOURTH MEETING OF THE PERSISTENT ORGANIC POLLUTANTS REVIEW COMMITTEE OF THE STOCKHOLM CONVENTION". Earth Negotiations Bulletin. 15 (161). October 20, 2008. Archived from the original on 2009-03-04. Retrieved 2009-09-05.
  14. "മാതൃഭൂമി 26/10/2010". Archived from the original on 2010-10-29. Retrieved 2010-10-26.
  15. മംഗളം 26/10/2010
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-01. Retrieved 2011-09-30.
  17. "എൻഡോസൾഫാൻ എട്ടാഴ്ചത്തേക്ക് നിരോധിച്ചു" (PDF). മാതൃഭൂമി. May 15, 2011. Archived from the original (PDF) on 2020-11-25. Retrieved 2011-5-15. {{cite news}}: |first= missing |last= (help); Check date values in: |accessdate= (help)
  18. "എൻഡോസൾഫാനെ 'കോടതി കയറ്റിയവർ'ക്ക് അഭിമാനം". മാതൃഭൂമി. May 15, 2011. Retrieved 2011-5-15. {{cite news}}: |first= missing |last= (help); Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  19. "എൻഡോസൾഫാന് സമ്പൂർണ്ണനിരോധനം". ദേശാഭിമാനി. സെപ്റ്റംബർ 30, 2011. Retrieved 2011-9-30. {{cite news}}: Check date values in: |accessdate= (help)
  20. Uppinangady, Arun (July 14, 2009). "Beltangady: Endosulfan Affected Leading Hellish Life - Seek Succour". Daijiworld Media Network. Archived from the original on 2009-07-17. Retrieved 2009-07-14.
  21. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 667. 2010 ഡിസംബർ 06. Retrieved 2013 മാർച്ച് 06. {{cite news}}: Check date values in: |accessdate= and |date= (help)
  22. 'Rain man' of Indian journalism makes sure wells stay full, Archived 2007-09-27 at the Wayback Machine. Frederick Noronha, IndiaENews.com, July 5th, 2007, accessed July 5th, 2007.
  23. http://www.indiatogether.org/2006/sep/env-endosulf.htm
  24. "No outlay for rehabilitation of Endosulfan victims" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2010 ഒക്റ്റോബർ 26. Archived from the original on 2009-10-31. Retrieved 2013 ഫെബ്രുവരി 16. {{cite news}}: Check date values in: |accessdate= and |date= (help)
  25. "എൻഡോസൾഫാൻ ഇരകളെ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി ശ്രീമതി; ആശങ്ക അറിയിക്കും-വയലാർ രവി". മാതൃഭൂമി. November 15, 2010. Archived from the original on 2010-11-20. Retrieved 2010-11-15. {{cite news}}: |first= missing |last= (help)
  26. ", accessed Nov 19th, 2010" (PDF). Archived from the original (PDF) on 2011-07-26. Retrieved 2010-11-25.
  27. 27.0 27.1 "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 704. 2011 ആഗസ്ത് 22. Retrieved 2013 മാർച്ച് 23. {{cite news}}: Check date values in: |accessdate= and |date= (help)
  28. http://expressbuzz.com/cities/thiruvananthapuram/search-for-the-real-%E2%80%98pest%E2%80%99/262517.html[പ്രവർത്തിക്കാത്ത കണ്ണി]
  29. "ജയരാജിന്റെ പകർന്നാട്ടത്തിൽ സബിത-മലയാള മനോരമ ഓൺലൈൻ ഡിസംബർ 26,2010". Archived from the original on 2010-12-26. Retrieved 2010-12-27.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എൻഡോസൾഫാൻ&oldid=3967500" എന്ന താളിൽനിന്ന് ശേഖരിച്ചത്