Jump to content

പഞ്ഞിമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ceiba pentandra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഞ്ഞിമരം
Kapok planted in Honolulu, Hawai'i
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽവേൽസ്
Family: Malvaceae
Genus: Ceiba
Species:
C. pentandra
Binomial name
Ceiba pentandra
Synonyms[1]
  • Bombax cumanense Kunth
  • Bombax guineense Schum. & Thonn.
  • Bombax guineensis Schumach.
  • Bombax inerme L.
  • Bombax mompoxense Kunth
  • Bombax occidentale Spreng. [Illegitimate]
  • Bombax orientale Spreng.
  • Bombax pentandrum L.
  • Bombax pentandrum Jacq.
  • Ceiba anfractuosa (DC.) M.Gómez
  • Ceiba caribaea (DC.) A.Chev.
  • Ceiba casearia Medik.
  • Ceiba guineensis (Thonn.) A.Chev.
  • Ceiba guineensis var. ampla A. Chev.
  • Ceiba guineensis var. clausa A. Chev.
  • Ceiba occidentalis (Spreng.) Burkill
  • Ceiba pendrandra f. grisea Ulbr.
  • Ceiba pentandra f. albolana Ulbr.
  • Ceiba pentandra var. caribaea (DC.) Bakh.
  • Ceiba pentandra var. clausa Ulbr.
  • Ceiba pentandra var. dehiscens Ulbr.
  • Ceiba pentandra f. grisea Ulbr.
  • Ceiba pentandra var. indica Bakhuisen
  • Ceiba thonnerii A. Chev.
  • Ceiba thonningii A.Chev.
  • Eriodendron anfractuosum DC.
  • Eriodendron anfractuosum var. africanum DC.
  • Eriodendron anfractuosum var. caribaeum DC.
  • Eriodendron anfractuosum var. guianense Sagot
  • Eriodendron anfractuosum var. indicum DC.
  • Eriodendron caribaeum G.Don
  • Eriodendron caribaeum G. Don ex Loud.
  • Eriodendron guineense G. Don ex Loud.
  • Eriodendron occidentale (Spreng.) G.Don
  • Eriodendron orientale Kostel.
  • Eriodendron pentandrum (L.) Kurz
  • Gossampinus alba Buch.-Ham.
  • Gossampinus rumphii Schott & Endl.
  • Xylon pentandrum Kuntze

ദക്ഷിണ-മധ്യ അമേരിക്കയിൽ കാണപ്പെടുന്ന ഒരു മരമാണ് പഞ്ഞിമരം. കപോക്ക്‌, കപോക്കുമരം, നകുലി, പഞ്ഞി ഇലവ്‌, മുള്ളില്ലാപ്പൂള, സീബപ്പരുത്തി, ശീമപ്പൂള എന്നിങ്ങനെ വിവിധ പേരുകളിൽ ഈ വൃക്ഷം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Ceiba pentandra). പോർട്ടോ റിക്കോയിലെയും ഗ്വാട്ടിമാലയിലെയും ദേശീയവൃക്ഷമാണിത്.

ഇലകൾ
പൂക്കൾ,കൊൽക്കൊത്തയിൽ

രൂപവിവരണം

[തിരുത്തുക]

60-70 മീറ്റർ വരെ ഉയരം വയ്ക്കുന്ന വന്മരം. ഇളംതണ്ടിന് പച്ചനിറമാണ്, നല്ല മിനുസവുമുണ്ട്. വളരെ വലിയ മരമായതിനാൽ വലുതാകുംതോറും വപ്രമൂലങ്ങൾക്കും (buttress roots) വീതി കൂടി വരുന്നു. കുറുകെ 12 അടിയോളം വീതിയുള്ള മരങ്ങളുണ്ട്[2]. ഹസ്താകാരസംയുക്തരൂപത്തിലുള്ളതാണ് ഇലകൾ. ഇലപൊഴിഞ്ഞതിനുശേഷം പുതിയ ഇലകൾ വരുന്നതിനു മുൻപേതന്നെ നിറയെ വെളുത്ത പൂക്കൾ പൂങ്കുലകളായി പ്രത്യക്ഷപ്പെടുന്നു. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് പൂക്കളുണ്ടാവുക. മഞ്ഞകലർന്ന വെള്ളനിറമുള്ള പൂക്കൾക്ക് ചെറിയദുർഗന്ധം ഉണ്ട്. അത് പരാഗണത്തിനായി വവ്വാലുകളെ ആകർഷിക്കാനാവാം. കായ ഏപ്രിലിൽ വിളയും. നൂറുകണക്കിന് പഞ്ഞിക്കായകൾ വലിയ മരങ്ങളിൽ ഉണ്ടാവും. കായകളുടെ ഭാരം കാരണം പലപ്പോഴും കമ്പുകൾ ഒടിഞ്ഞുപോവാറുണ്ട്. കായകൾക്ക് ഇലവിന്റെ വിത്തുകളോട് സാമ്യമുണ്ട്. വളരെപ്പെട്ടെന്നു വളരുന്ന വൃക്ഷമാണ് പഞ്ഞിമരം.

കാണപ്പെടുന്ന ഇടങ്ങൾ

[തിരുത്തുക]

മധ്യഅമേരിക്കയിലാണ് പഞ്ഞിമരം ഉദ്‌ഭവിച്ചത് എന്ന് കരുതുമ്പോഴും ഈ മരത്തിന്റെ കൃത്യമായ ചരിത്രം അറിയില്ല. പലവിധ ഗുണങ്ങളുള്ളതിനാൽ വളരെക്കാലമായി പലയിടത്തും ഇതു കൃഷി ചെയ്തുവരുന്നു. ഇപ്പോൾ മധ്യരേഖാപ്രദേശത്തിനു തെക്കും വടക്കും 16 ഡിഗ്രി വരെയുള്ളയിടങ്ങളിൽ 900 മീറ്റർ വരെ ഉയരമുള്ള 18-38 ഡിഗ്രി താപനിലയുള്ള സാമാന്യം മഴയുള്ള വെള്ളം കെട്ടിനിൽക്കാത്ത ഇടങ്ങളിൽ പഞ്ഞിമരം കാണുന്നുണ്ട്.

ഗുണങ്ങൾ

[തിരുത്തുക]
കായ കൊൽക്കൊത്തയിൽ

പൂക്കളിൽ ധാരാളം തേൻ അടങ്ങിയിരിക്കും, അതിനാൽ തന്നെ തേനീച്ചകൾക്ക് പ്രിയപ്പെട്ട വൃക്ഷമാണിത്. സീറ്റുകൾ, കുഷ്യനുകൾ, മെത്തകൾ, ജാക്കറ്റുകൾ, തലയിണ എന്നിവയ്ക്ക് പഞ്ഞി ഉപയോഗിക്കുന്നു. ശബ്ദത്തെ തടഞ്ഞുനിർത്തുന്ന ഗുണമുള്ളതിനാൽ ശബ്ദശല്യം തടയാൻ ഉപയോഗിക്കുന്നു. ഇതെല്ലാം കൂടാതെ ധാരാളം ഗുണമുള്ളതാണ് പൊതുവേ ഈ മരം[3].

ഭക്ഷ്യയോഗ്യമായ ഒരു എണ്ണ പഞ്ഞിക്കുരുവിൽ നിന്നും വേർതിരിക്കാറുണ്ട്. സോപ്പുണ്ടാക്കാനും ഇതുപയോഗിക്കുന്നു[4]. കാലിത്തീറ്റയായി പഞ്ഞിക്കുരു ഉപയോഗിക്കുന്നു[5]. വലിയ പഞ്ഞിമരത്തിൽ പലയിനം ചെടികളും ജീവികളും വസിക്കാറുണ്ട്[6]. പരുത്തിയുടെ പഞ്ഞിയേക്കാൾ എട്ടിലൊന്നു ഭാരമേ ഈ മരത്തിന്റെ പഞ്ഞിക്കുള്ളൂ. കോർക്കിനേക്കാളും അഞ്ചിരട്ടി വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിവുള്ള പഞ്ഞി അതിനാൽത്തന്നെ ജലരക്ഷോപകരണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വെള്ളത്തിലിട്ടാൽ നനയുകയുമില്ല, കീടബാധയും തീരെക്കുറവാണ്. തീരെ ഭാരം കുറഞ്ഞ തടി വള്ളങ്ങൾ ഉണ്ടാക്കാൻ മികച്ചതാണ്. അതുകൂടാതെ വിവിധങ്ങളായ പാത്രങ്ങളും സംഗീതോപകരണങ്ങളും എല്ലാം ഉണ്ടാക്കാൻ പഞ്ഞിമരത്തിന്റെ തടി ഉപയോഗിക്കുന്നു. പേപ്പറുണ്ടാക്കാനും തടി ഉത്തമമാണ്.

പലയിടത്തും വിറകിനും പുകയിടാനും തടി ഉപയോഗിക്കുന്നു[7]. ഒരു കായിൽ നിന്നും ഒരു ഗ്രാം പഞ്ഞി കിട്ടും. ചെറുതും മിനുസമുള്ളതുമായ പഞ്ഞി നൂൽ നിർമ്മിക്കാൻ ഉപയോഗയോഗ്യമല്ല.

ഇലകളും മൊട്ടുകളും കായകളും ജാവയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും വേവിച്ചു തിന്നാറുണ്ട്[8].

പരാഗണം, വിത്തുവിതരണം

[തിരുത്തുക]
പാകമായ പഞ്ഞിക്കായ പൊട്ടിനിൽക്കുന്നു

പലയിടത്തും വളരെ കരുതലോടെ വളർത്തുന്ന മരമാണിത്. അതിനാൽ ചുറ്റുമുള്ള മരങ്ങൾ മുറിച്ചുമാറ്റുമ്പോഴും പഞ്ഞിമരത്തെ നിലനിർത്തിയിരുന്നു. രാത്രിക്ക് വിരിയുന്ന തീക്ഷ്ണഗന്ധമുള്ള പൂക്കളുടെ ചുവട്ടിൽ ധാരാളം തേൻ ഉണ്ടാവും. ദ്വിലിംഗി(bisexual)പുഷ്പങ്ങളാണ്. പൂമ്പൊടിക്ക് പശിമയുണ്ട്. പരപരാഗണ(cross pollination)ത്തിന് അനുയോജ്യമായ രൂപമാണ് പൂക്കൾക്കുള്ളതെങ്കിലും സ്വപരാഗണ(self pollination)വും നടക്കാറുണ്ട്. ഇരുൾപരക്കുമ്പോഴേക്കും പൂക്കൾ വിരിയുന്നു. പലതരം നിശാശലഭങ്ങൾ പൂക്കളാൽ ആകർഷിക്കപ്പെട്ട് എത്തുന്നു. വവ്വാലുകളാണ് പഞ്ഞിമരത്തിന്റെ പ്രധാന പരാഗണസഹായി. ഇങ്ങനെ ഒറ്റപ്പെട്ട മരത്തിൽ വവ്വാലുകളുടെ സന്ദർശനം തീരെ കുറവാണെന്ന് കണ്ടിട്ടുണ്ട്. അതുകൊണ്ട് അത്തരം മരങ്ങളിൽ കായകളുടെ എണ്ണവും കുറവായിരിക്കും. ഒറ്റ രാത്രിയിൽ നൂറിലേറെ കിലോമീറ്ററുകൾ വരെ പറന്ന് വവ്വാലുകൾ വരാറുണ്ടത്രേ[9]. വലിയമരത്തിൽ ഒറ്റത്തവണ 4000 വരെ കായകൾ ഉണ്ടാവും, ഓരോ കായയിലും 200 ഓളം വിത്തുകളും. പഞ്ഞിയിൽ പൊതിഞ്ഞ വിത്തുകൾ കാറ്റിന്റെ സഹായത്തോടെ നാടുനീളെ വ്യാപിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ ആദ്യമേ തന്നെ വളർന്നു പന്തലിക്കാൻ പഞ്ഞിമരത്തെ ഇതു സഹായിക്കുന്നു[10]. പുതുമഴ കിട്ടിയാൽ വിത്ത് മുളച്ചുതുടങ്ങും. വലിയ ശുശ്രൂഷയൊന്നും ഇല്ലാതെ തന്നെ വളർന്നുകൊള്ളും. corticium salmonicolor എന്ന ഫംഗസ് ഇതിനെ ബാധിക്കാറുണ്ട്. ബോർഡോമിശ്രിതം ഇതിനു ഫലപ്രദമാണ്.

പരിസ്ഥിതി പ്രാധാന്യം

[തിരുത്തുക]

വനത്തിൽ ഏറ്റവും ഉയരമുള്ള മരങ്ങളുടെ കൂടെയാണ് പഞ്ഞിമരത്തിന്റെ സ്ഥാനം. അതിനാൽത്തന്നെ സൂര്യപ്രകാശം ലഭിക്കുവാൻവേണ്ടി മറ്റു സസ്യങ്ങൾ ഈ മരത്തിൽ വളരാറുണ്ട്. ഇത്തരം ചെടികൾ ധാരാളം ചെറുജീവികൾക്കും ഭക്ഷണമാവുന്നു. നിലത്തിറങ്ങാതെ തന്നെ യാത്രചെയ്യാൻ ഈ വന്മരം പല ജീവികൾക്കും സഹായമാവാറുണ്ട്. പക്ഷേ പഞ്ഞിമരത്തിന്റെ മുകളിലോളം കയറിപ്പോവുന്ന കുരങ്ങന്മാരെ പരുന്തുകൾ വേഗം പിടിക്കും.[11]. കൃത്രിമനാരുകളുടെ ആവിർഭാവത്തോടെ പഞ്ഞിയുടെ ഉപയോഗം വളരെ കുറഞ്ഞു. എന്നാൽ സ്വാഭാവികമായി ജീർണ്ണിക്കുന്ന പഞ്ഞിയുടെ പാരിസ്ഥിതിക പ്രാധാന്യം അതിന്റെ തിരിച്ചുവരവിന് ഒരു കാരണമാവുന്നുണ്ട്.

ഔഷധഗുണം

[തിരുത്തുക]

ആഫ്രിക്കയിലെ നാടൻവൈദ്യത്തിൽ പഞ്ഞി ഉപയോഗിക്കുന്നു. കുഷ്ഠം, വയറിളക്കം എന്നിവയ്ക്ക് പഞ്ഞിമരത്തിന്റെ വേരുകൾ ഉപയോഗിച്ച് മരുന്നുണ്ടാക്കുന്നു. ഹൃദ്രോഗത്തിനും രക്തസമ്മർദ്ദത്തിനും ഇത് ഔഷധമാണ്. ഇലയരച്ച് മുറിവിൽ വയ്ക്കുന്നു, കണ്ണുരോഗത്തിനും മൃഗവൈദ്യത്തിനുമെല്ലാം സാമ്പ്രദായികവൈദ്യത്തിൽ പഞ്ഞിമരം ഉപയോഗിച്ചുകാണുന്നു[12].

അലങ്കാരവൃക്ഷം

[തിരുത്തുക]

വഴിയരികിൽ തലയുയർത്തി നിൽക്കുന്ന ഈ വൻവൃക്ഷം ഒരു നല്ല അലങ്കാരവൃക്ഷമാണ്. തണൽ പരത്തി പൂക്കളും പൂക്കാലത്തിനുശേഷം നിറയെ തൂങ്ങിക്കിടക്കുന്ന കായകളും ഉള്ള പഞ്ഞിമരം ചുവട്ടിൽ യോഗം ചേരാനും മറ്റുമായി പലനാടുകളിലും തെരഞ്ഞെടുത്തു വരുന്നു.പെട്ടെന്നു കിളിർക്കുന്ന മരമായതിനാൽ ( ഒണങ്ങിപോകാത്തതിനാൽ) വീഥിയോരത്ത് കൊ‍ടിമരമായും സ്ഥാപിച്ചിരുന്നു

ഉൽപ്പാദനം

[തിരുത്തുക]

ലോകത്തിൽ ഏറ്റവും അധികം പഞ്ഞി ഉൽപ്പാദിപ്പിക്കുന്നത് ഇന്തോനേഷ്യയിലും തായ്‌ലാന്റിലും ആണ്. ആഫ്രിക്കയിലും ധാരാളം പഞ്ഞി ഉണ്ടാക്കുന്നു. അവിടെ വഴിയോരങ്ങളിൽ തണൽമരമായി ഇത് വളർത്തുന്നു. 1960 വരെ ലോകത്തിലെ ഒരു പ്രധാന വാണിജ്യ-കയറ്റുമതി ഉൽപ്പന്നമായിരുന്നു പഞ്ഞി. കൃത്രിമനാരുകളുടെ വ്യാപനത്തോടെ അതിൽ കുറവു സംഭവിച്ചു[13].

മതവിശ്വാസങ്ങളിൽ

[തിരുത്തുക]

അമേരിക്കയിലെ പല റെഡ് ഇന്ത്യൻ വംശജർക്കും പഞ്ഞിമരം വളരെ വിശുദ്ധമായിരുന്നു. ജീവന്റെ വൃക്ഷമായാണ് അവർ പഞ്ഞിമരത്തെ കരുതിയിരുന്നത്. സീബാ എന്ന് അവർ വിളിച്ചിരുന്ന പഞ്ഞിമരത്തിന്റെ വേരുകൾ പാതാളത്തിലും ശിഖരങ്ങൾ സ്വർഗ്ഗത്തിലും എത്തുന്നതായി അവർ വിശ്വസിച്ചിരുന്നു. നഗരത്തിന്റെയും ഗ്രാമത്തിന്റേയും മധ്യത്തിൽ അവർ പഞ്ഞിമരം നട്ടുവളർത്തി. അസൗകര്യമായി വളർന്നു നിന്ന മരത്തെപ്പോലും അവർ മുറിക്കുമായിരുന്നില്ല. അത്യാവശ്യഘട്ടങ്ങളിൽ വള്ളമുണ്ടാക്കാൻ മരം മുറിക്കേണ്ടിവരുന്ന അവസരങ്ങളിൽ അത് മരത്തിന്റെ സമ്മതത്തോടെയേ ചെയ്തിരുന്നുള്ളൂ. മുറിക്കുന്നയാളോട് അതിൽ കുഴപ്പമില്ലെന്ന് മരം പറഞ്ഞിരുന്നുവത്രേ. ആ മരത്തിന്റെ ആത്മാവിനെ പിന്നീട് എല്ലാക്കാലവും നോക്കി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മുറിച്ചവർക്കാണ്. ആഫ്രിക്കയിലും പഞ്ഞിമരത്തെ വിശുദ്ധമായിത്തന്നെ കാണുന്നു. പഞ്ഞിത്തലയണയിൽ കിടന്നാൽ സൗഭാഗ്യം വരുകയും ആത്മാവിനു ശുദ്ധിയുണ്ടാവുകയും ചെയ്യുമെന്നാണാവരുടെ വിശ്വാസം[14]. മരണമടഞ്ഞവരുടെ ആത്മാക്കൾ ഈ മരത്തിന്റെ ശിഖരങ്ങളിൽ കയറിയാണ് സ്വർഗ്ഗത്തിലേക്ക് പോവുന്നതെന്ന് മായന്മാർ വിശ്വസിച്ചിരുന്നു[15].

സീറാ ലിയോണിലെ പഞ്ഞിമരം

[തിരുത്തുക]
ഫ്രീടൗണിൽ നിൽക്കുന്ന പഞ്ഞിമരം

സീറാ ലിയോണിന്റെ തലസ്ഥാനമായ ഫ്രീടൗണിൽ നില്ക്കുന്ന ഒരു പഞ്ഞിമരം വലിയ പ്രാധാന്യമർഹിക്കുന്നതാണ്. അഞ്ഞൂറിലേറെ വർഷം പ്രായമുണ്ടെന്നു കരുതപ്പെടുന്ന ഈ മരത്തിന്റെ ചുവട്ടിലാണത്രേ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷുകാർക്കുവേണ്ടി പടപൊരുതിയതിനാൽ സ്വാതന്ത്ര്യം ലഭിച്ച ഒരുകൂട്ടം അടിമകൾ 1787 -ൽ ഫ്രീടൗണിൽ എത്തിയപ്പോൾ ആദ്യം വിശ്രമിച്ചതും പ്രാർത്ഥന നടത്തിയതും.[16] നഗരത്തിന്റെ ഏറ്റവും വലിയ ആകർഷണമാണ് ഇന്ന് ഈ മരം. ഫ്രീടൗണിന്റെ മാത്രമല്ല, സീറാ ലിയോണിന്റെ പ്രതീകം കൂടിയാണ് ഇന്ന് ഈ മരം. ഇന്നും പൂർവ്വികർക്കായി അവർ ഇതിനുചുവട്ടിൽ പ്രാർത്ഥന നടത്തുന്നുണ്ട്.[17]

മറ്റു ഭാഷകളിലെ പേരുകൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ceiba pentandra (L.) Gaertn. — The Plant List". Theplantlist.org. Retrieved 2016-11-17.
  2. പഞ്ഞിമരം വസ്തുതകൾ Archived 2009-03-08 at the Wayback Machine. സീബ ഫൗണ്ടേഷൻ
  3. പഞ്ഞിമരത്തിന്റെ ഗുണങ്ങൾ Archived 2012-07-31 at the Wayback Machine. വേൾഡ് അഗ്രോഫോറസ്റ്റ് സെന്റർ
  4. പഞ്ഞിമരത്തിന്റെ ഭക്ഷ്യഗുണങ്ങൾ ട്രാൻസ്പോർട്ട് ഇൻഫോർമേഷൻ സർവീസ്
  5. പഞ്ഞിമരത്തിന്റെ കാർഷിക ഉപയോഗങ്ങൾ Archived 2011-01-19 at the Wayback Machine. ഐക്യരാഷ്ട്രസംഘടനയുടെ സൈറ്റിൽ നിന്നും
  6. ആവാസവ്യവസ്ഥയിൽ ട്രോപിലാബ്
  7. പഞ്ഞിമരത്തിന്റെ ഉപയോഗങ്ങൾ Archived 2017-04-28 at the Wayback Machine. സസ്യലതാദികളെക്കുറിച്ചുള്ള ആഗോള വിവരസഞ്ചയം
  8. ഭക്ഷ്യ-ഉപയോഗവും പഞ്ഞിമരത്തിന്റെ വിവിധ ചിത്രങ്ങളും
  9. പഞ്ഞി - പരാഗണം[പ്രവർത്തിക്കാത്ത കണ്ണി] ദേശീയ സസ്യോദ്യാനം
  10. പരാഗണം മഴക്കാടുകൾ
  11. പഞ്ഞിമരം ബ്ലൂപ്ലാനെറ്റ്
  12. പഞ്ഞിമരത്തിന്റെ ഔഷധഗുണങ്ങൾ Archived 2017-04-28 at the Wayback Machine. ട്രോപിക്കൽ ആഫ്രിക്ക വിവരസഞ്ചയം
  13. പഞ്ഞിമരം വ്യാവസായിക ഉത്പാദനം Archived 2017-04-28 at the Wayback Machine. ട്രോപിക്ക ആഫ്രിക്ക
  14. പഞ്ഞിമരം മതവിശ്വാസങ്ങളിൽ Archived 2012-07-14 at the Wayback Machine. സെന്റ്ജോൺബീച്ചഗൈഡ്
  15. മതവിശ്വാസങ്ങളിൽ[പ്രവർത്തിക്കാത്ത കണ്ണി] ബ്ലൂപ്ലാനെറ്റ്
  16. LeVert, Suzanne (2007). Sierra Leone. Marshall Cavendish. p. 18. ISBN 978-0-7614-2334-8. Retrieved 27 October 2010.
  17. http://www.amusingplanet.com/2014/09/the-cotton-tree-in-freetown-sierra-leone.html

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
പഞ്ഞിമരം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=പഞ്ഞിമരം&oldid=3820627" എന്ന താളിൽനിന്ന് ശേഖരിച്ചത്